Saturday 7 March 2009

നന്ദി..


അകന്നു പോയ ഹൃദയങ്ങള്‍ക്ക്‌
തീര്‍ന്നു പോയ ഇന്നലെകള്‍ക്ക്
മിഴി പൂട്ടിയ താരകങ്ങള്‍ക്ക്
താഴിട്ടു പൂട്ടിയ കിനാക്കള്‍ക്ക്
തിരിഞ്ഞു നടന്ന കുസൃതികള്‍ക്ക്
എല്ലാത്തിനും
നന്ദി...

ഓര്‍മകള്‍ക്ക് ചിതയൊരുക്കപ്പെടുമ്പോള്‍
തിമിര്‍ത്തു പെയ്ത ഇന്നലെകള്‍ ഓടിയെത്തുന്നോ !
അതോ പഠിച്ചു തീര്‍ത്ത പാഠങ്ങള്‍ മാത്രം ബാക്കിയായോ?
നിലാവിന്‍റെ നിറവില്‍ പൂക്കള്‍ വിടര്‍ന്നതും
നിഴലിന്‍റെ മറവില്‍ മധുരം പകര്‍ന്നതും
പാട്ടിന്‍റെ വഴിയേ ഗസലിന്‍ ഹാരം കൊരുത്തതും കാട്ടിലൊളിച്ചതും കാറു പടര്‍ന്നതും
മഴയില്‍ കുതിര്‍ന്നതും കാറ്റായി അലഞ്ഞതും
കനലായി പടര്ന്നതില്‍ കുളിര്‍ തീര്‍ത്ഥം തളിച്ചതും
മൂടല്‍ പടര്‍ന്നൊരീ ഉള്ളിന്‍റെ ചുവരില്‍
മിന്നിപ്പടര്‍ന്നതും ഓടി മറഞ്ഞതും
വിരഹം വരുത്തുന്ന കാത്തിരിപ്പിന്‍ സുഖം
കലഹം വരുത്തുന്ന മടുപ്പിന്‍റെ ദുഃഖം
ഓര്‍മ പുസ്തകത്തില്‍ ഒരിതളായി തുന്നുവാന്‍
ബാക്കി വെച്ചില്ല ഒന്നുമേയാരും
നീയും നിലാവും പാട്ടിന്‍റെ വരിയും
ഞാനും തീര്‍ന്ന വഴിയും വഴക്കും
ആരുമേ കാത്തു നില്‍ക്കാതെ പോകവേ
പുതുമയില്ലാത്ത പൂക്കളില്ലാത്ത
വര്‍ണങ്ങളുടെ ഘോഷയാത്രകളില്ലാത്ത
അനുകരണീയതയുടെ അസ്ഥിത്വമില്ലാത്ത
അഹന്തയുടെ അഃശനിപാതമുള്ള
ഈ ഹൃത്തിനു ഇടം തന്നതിന്
നന്ദി....

1 comment: