Sunday 26 September 2010

My New Blog: ഒറ്റമൈന

Dear Friends,

I am shifting my blog into a new address and requesting you all to follow and continue encouragement and comments

New Blog is ഒറ്റമൈന


New Blog address is : http://www.ottamyna.blogspot.com/
 
Thanking You All
 
Regards
 
ISMAIL K
ismailpsmo@gmail.com

Monday 2 August 2010

രോഗം

വേദനയും
വേദനാസംഹാരിയും
നീ തന്നെയാകുന്ന
രോഗത്തിന്‍റെ പേരെന്താണ്?

ചില രോഗങ്ങള്‍
ചില ബന്ധങ്ങള്‍ പോലെയാണ്
ഒരു പേരിനും വഴങ്ങില്ല...!!

Sunday 27 June 2010

അകം


നിനക്കറിയാമായിരുന്നു
എന്‍റെ വാക്കുകള്‍
അകപ്പെട്ടു പോയവന്‍റെ
വിലാപങ്ങളാണെന്നു

എന്നിട്ടും
ഒരിക്കല്‍ പോലും
ഒന്നൊഴിഞ്ഞു മാറിക്കളയാമെന്ന ഭാവം
നിന്നിലുണ്ടായില്ല

ഘടികാരങ്ങള്‍ നിലക്കുന്ന
സായാഹ്നങ്ങളില്‍
നക്ഷത്രങ്ങള്‍ സ്വകാര്യം പറയാനായി
വഴി മാറിയപ്പോള്‍
അര്‍ത്ഥശൂന്യമായ
വാക്കുകള്‍
പരസ്പരം കൈമാറിയപ്പോള്‍
പറയാനുള്ളത്
ബോധപൂര്‍വം മറന്നു വെച്ചത്

വാക്കുകള്‍ ചേക്കേറുന്നിടങ്ങളില്‍
നിഴലുകള്‍ പതിയെ
സംസാരിച്ചത്

നാമറിയാതെ
ആരൊക്കെയോ ചെവിയോര്‍ത്തു
ഒരു വലിയ നുണയായത്
അവസാനമായി വേര്‍പിരിഞ്ഞത്.....

Monday 7 June 2010

അനന്തരം......

നീ
അഗ്നിയും
ഞാന്‍ മെഴുകുതിരിയും


പ്രണയം
നിന്നെ
എന്നില്‍ കൊളുത്തി


നാം
ഒരാത്മാവായി
എരിഞ്ഞു
ദഹിച്ചു
കത്താന്‍ തുടങ്ങി


നീ
കത്തി കത്തി
ജ്വാലയായി


ഞാന്‍
ഉരുകിയുരുകി
ഇല്ലാതായി


ഒടുവില്‍
നീ പ്രകാശമായ്
സ്വര്‍ഗത്തിലേക്കും
ഞാന്‍
കറുത്ത പുകയായ്
നരകത്തിലേക്കും
യാത്രയായി......

Wednesday 19 May 2010

സൗഹൃദം



തീരങ്ങളെന്നും ഒരു പോലെയാണ്
അണച്ച് പിടിക്കാനെത്തുന്ന തിരകളെചൊല്ലി

കലഹിച്ചു കൊണ്ടേയിരിക്കുന്നവ
ആത്മാവില്‍ കൊത്തിവെച്ച വരികളെ
നുരപരത്തി തിരയെടുക്കുന്നതും നോക്കി
കുത്തി വരയപ്പെട്ട സ്ലേറ്റ്‌

മഷിതണ്ട് കാത്തിരിക്കുന്നത് പോലെ
.....
ചിന്തകള്‍ ഇങ്ങനെയൊക്കെയാണ്
മായ്ക്കാന്‍ മനസ്സുവരാത്ത തീരങ്ങളെക്കുറിച്ച്
മഴക്കൊയ്ത്തു കാക്കുന്ന ഇളംമുകുളങ്ങളെക്കുറിച്ച്
പെയ്യാന്‍ വെമ്പുന്ന ഇടമഴയെക്കുറിച്ച്
നാദമുതിര്‍ക്കാന് പിടയ്ക്കുന്ന വീണകമ്പികളെകുറിച്ചു
......
സ്വരമിടറി അപസ്വരമുതിര്‍ന്നു തുടങ്ങുമ്പോള്‍
കാലിടറി കൈതാങ്ങിനായി പരതുമ്പോള്‍
മഴമാറി പേമാരിയാകുമ്പോള്‍
വരികള്‍ക്കപ്പുറം കടലെടുത്തു തീരവും മായുമ്പോള്‍
നീ വരിക...
ആ പഴയ നീയായി
......
സൌഹൃദ വഴിയില്‍ ഇരു പിരിവുകളുണ്ട്
പുറംപൂചിനു മേല്‍ അടുക്കിവെച്ച
മനസ്സുകള്‍ക്കിടയിലായി മതിലുകള്‍ തീര്‍ക്കുന്ന
കാപട്യത്തിന്‍റെ കറുത്ത പിരിവ്
.....
ഇപ്പുറം
പച്ചയണിഞ്ഞ
കനിവിന്‍റെ ഇല പൊഴിച്ചു മെത്തയൊരുക്കിയ
മനസ്സിന്‍റെ വലുപ്പം കൊണ്ടു മറക്കുട വിരിച്ച
നേര്‍ത്ത മഞ്ഞുകൊണ്ടു കുളിര്‍ കംബടം പുതപ്പിച്ച
ഒരു വെളുത്ത പിരിവ്





Wednesday 27 January 2010

പ്ലാസ്റ്റിക്‌


മന്ദഹാസത്തെ
മധുര പദങ്ങളെ
സര്‍വസ്വമാണ്
നീയെന്ന
പൊയ്ചൊല്ലിനെ
എന്നിനി കാണുമെന്ന
ചോദ്യത്തിനെ
എന്നും പ്രിയം
എന്നുള്ള കള്ളത്തെ
ഒക്കെയും
വെള്ളമില്ലാത്ത
തടാകതീരങ്ങളില്‍
ഉല്ലാസ യാത്രികരിട്ട
പ്ലാസ്റ്റിക്‌ പോല്‍
നമ്മളുപേക്ഷിക്കുകയാണ്
വരണ്ടതാം
ഈ ജന്‍മതീരത്ത്
മുളയ്ക്കാതിരിക്കാന്‍....

കൂട്


ജീവിത വെയിലേറ്റു
തളരുമ്പോള്‍
എനിക്കു തണല്‍
വിരിക്കാന്‍
ഏതു മിഴികളാണ്?

ചിറകുകള്‍ വാടുമ്പോള്‍
തളര്‍ന്നുറങ്ങാന്‍
ഒരു കൂട് കൂട്ടണം
അത്....
നിന്‍റെ കനിവോലും
ഹൃദയത്തില്‍
ആവുമെങ്കില്‍
എനിക്കേറെയിഷ്ട്ടം!

നീല

നിന്നെക്കുറിച്ചുള്ള അജ്ഞതയുടെ
കൌതുകം
എന്നെ ഒരു പുഴയാക്കി
നിന്നിലേക്കൊഴുക്കും

നിന്നെക്കുറിച്ചുള്ള അറിവിന്‍റെ
അടുപ്പം
നമുക്കിടയിലെ വിടവിന്‍റെ
പൂര്‍ണതയാകാം



പൊള്ളും കനല്‍ വീണു ചുവക്കുന്ന
കടല്‍

അന്നൊരിക്കല്‍ എന്നെയും നിന്നെയും
ഒരാകാശം കൊണ്ട്
കെട്ടിയിട്ടു
നിറയെ നക്ഷത്രങ്ങളുള്ള
നീലാകാശം കൊണ്ട്....