Saturday 21 March 2009

രണ്ടു കവിതകള്‍- മാധ്യമം ആഴ്ചപ്പതിപ്പില്‍ നിന്ന്..


എന്നിട്ടും
ദൈവം
ലോകത്തെ
അവസാനിപ്പിക്കാത്തതെന്ത് !
ലോകത്തിന്‍റെ
ഏതെങ്കിലുമൊരു കോണില്‍
പ്രണയിക്കുന്ന
രണ്ടു പേര്‍ ഇരുന്നു
സംസാരിക്കുന്നത്
തീരാന്‍ കാത്തു നില്‍ക്കുകയാവും .

അവസാനിക്കുമെന്ന് തോന്നുന്നില്ല
ലോകം
ഉടനെയൊന്നും!
**************
സ്നേഹത്തില്‍ കഴിയുന്നവര്‍
പിരിയുമ്പോള്‍
ഒന്നും സംഭവിക്കുന്നില്ല
പരസ്പരം
രണ്ടു
ചെറിയ
മരണങ്ങളല്ലാതെ....

വീരാന്‍കുട്ടി- മാധ്യമം ആഴ്ചപ്പതിപ്പ്

Monday 16 March 2009

To My Violinist........


From the mysteries of forest,
Along with the whispered wind,
A solo harmony awakes me in the mid of night,
Calling my name in a waltz over and over
The rhythm of melody is a record of my heart beats….

Oh, Master of violin,
Are you serenading me?
Beneath a tree with all your dreams
When the night is calm and peaceful
When the moon is in its magical edge,
And everything is under a charm
You alone untouched by the aura
Tuning your love on a violin

And you play, with all your heart and soul,
You play like you don’t know how to stop
You saw your dreams in my heart,
You treasure your love in my memories
Every tune of your violin enlightens my soul,
And I fall for you more deep each time

Oh, my mysterious violinist,
Don’t you know, it is not the violin you play
That my heart is on your hand….

Saturday 14 March 2009

ഒരു രാത്രിമഴ പറഞ്ഞത്.....


വേര്‍പാട് പ്രകൃതിയുടെ സംഗീതമാണ്
ഏകാന്തതകളില്‍
അതിന്‍റെ തന്ത്രികളില്‍
ചിറകടിച്ചു നടക്കുന്ന
മഴയാണു ഞാന്‍
........
താരകങ്ങളുടെ ആവര്‍ത്തിക്കുന്ന
കണ്ണുനീരും
ഇപ്പോള്‍ സരോദിന്‍റെ
മുറിഞ്ഞ ജാലകങ്ങളാണ്
ചിതലരിച്ച ചില്ലകള്‍
ഇളവെയിലിറ്റു വീഴുന്ന
പ്രഭാതങ്ങളാണ്
.......
ജീവിതം
അനശ്വരമാകുന്നത്
എന്തെന്ന്
ആരോ പാടുകയാണ്
അകലെയാകാശത്തില്‍
മുകിലിന്‍ തിരശീല വകഞ്ഞ്
നനവാര്‍ന്ന

കണ്കളാലെന്നെ നോക്കും
കുരുന്നു നക്ഷത്രങ്ങള്‍
നിറച്ചെന്‍ നെഞ്ചില്‍
കനത്ത തുലാവര്‍ഷം
വേദന കാറ്റായ് വന്നെന്‍
ചില്ലകളുലക്കുന്നു
ഓര്‍മ്മകള്‍ ചിറകടിച്ചുലച്ചു പറക്കുന്നു
.........
ഹൃദയാരണൃം നീളെ
മഴതന്‍ സങ്കീര്‍ത്തനം
പെയ്തിറങ്ങുന്നു
ചുറ്റും
പൂവുകള്‍ കരയുന്നു
ഹൃദയം മുറിഞ്ഞൊരു
മൂകമാം വിലാപം പോല്‍
ഒഴികിയിറങ്ങുന്നു
രക്തത്തിന്‍ നീലാംബരി
..........
ഞാന്‍ വരും
നീ ഓര്‍ക്കാതിരിക്കവേ
മടങ്ങിപ്പോകുന്ന
വഴികളിലൂടെ
ഞാന്‍ വരും
നിനക്കു
കണ്ടില്ലെന്നു നടിക്കാനാകില്ല
ഓര്‍മ്മകള്‍ നിന്നെ അനുസരിക്കുകയില്ല
വാക്കുകള്‍ അടര്‍ന്നു
നിന്നെ വലം വയ്ക്കും
വന്യമായ കരങ്ങളാല്‍
നീ ആനയിക്കപ്പെടും
കരഞ്ഞു തെളിയുന്ന
ജാലകങ്ങളിലേക്ക്
നഗ്നമായ വഴികളിലേക്ക്
ഫണമുയര്‍ത്തി ഇഴഞ്ഞെത്തുന്ന
ചോദ്യ നദികളുടെ
ആഴങ്ങളിലേക്ക്
..........
ഇതാ
എന്നെ അദൃശ്യമാക്കിയ
വേദനയുടെ വെളിച്ചം
ശൂന്യതയുടെ
വനഛായകള്‍ക്ക് മേല്‍
ഞാന്‍ അന്യനല്ലാതെ
ആകാശം പോലെ
നിനക്കതറിയാം
..........
വെട്ടിയും തിരുത്തിയും
വലിച്ചെറിയുന്നു
എന്‍ പ്രിയചിത്രങ്ങള്‍
ഏതോ തുരുമ്പിച്ച രാവിന്‍റെ
കൂടാരത്തില്‍
അണയും നിലാവിന്‍റെ
തിരികള്‍ നീട്ടി
കരള്‍ പിഴിഞ്ഞ്
നിറം ചേര്‍ത്തു
വരച്ച ചിത്രങ്ങള്‍
വലിച്ചെറിയുന്നു
............
ഒരു സായന്തനം
അടര്‍ന്നു വീണെന്‍റെ
കരള്‍ തുടുപ്പിച്ചു
നിറഞ്ഞെരോര്‍മകള്‍
നിശതന്‍
വേദനയലയടിക്കുന്നു
കറുത്ത കായലില്‍
വലിച്ചെറിയുന്നു
വിലോഭനീയമാം
നഭസ്സില്‍ ഞാന്‍ വിതറി
നട്ടൊരാ
വര്‍ണങ്ങള്‍
ഒരു പെരുമഴയില്‍
അലറിയാര്‍ക്കുന്ന
കടലിലേക്കിതാ
വലിച്ചെറിയുന്നു
............

സുഹൃത്തിന്‍റെ സ്നേഹം
നിന്നെ അസ്വസ്ഥമാക്കും വിധം
ചെരിഞ്ഞുലഞ്ഞ ഒരു ഗോവണിയാണ്
മുഖത്തുഴിയുന്നത്
മാറാലയോ മേഘ മാലയോ
എന്തുമാവട്ടെ
ബാല കുതൂഹലം മിടിക്കുന്ന
നെഞ്ചോടെ
ഞാനിതാ കയറി വരുന്നു
..........
ഇരുട്ട് എന്തുമാകാം
വെളിച്ചം പക്ഷെ
വെളിച്ചം മാത്രമാണ്
അങ്ങനെയാവാം
നമ്മള്‍ സുഹൃത്തുക്കളായത്
...........
നമ്മുടെ സൌഹൃദമാകട്ടെ
ചിലപ്പോള്‍
മഴയും വെയിലും കലര്‍ന്ന
സായാഹ്നത്തില്‍
സുന്ദരമാകുന്ന
ഈ ഇടവഴി പോലെയാകുന്നു
.........
പറയേണ്ടവയൊന്നുമല്ല
പറഞ്ഞുകൊണ്ടിരുന്നതെന്ന മൌഢ്യം
നൊമ്പരപ്പെടുത്തുന്ന ഏകാന്തതകള്‍
വിരസമാകുന്ന വഴിയോരങ്ങളെ കുറിച്ചുള്ള
ആശങ്കകള്‍
..........
നാം ഒഴുകി മറഞ്ഞു കൊണ്ടിരുന്നു
ഏതോ താഴ്വരകളില്‍ ചെമ്മരുതുകള്‍
പൂത്തുലയുന്നുണ്ടാകും
കാറ്റില്‍ ഒരു ഗസലിന്‍റെ
അലകള്‍ ഒഴുകി വരുന്നുണ്ടാകും
നമ്മുടെ സൌഹൃദം
ഒരു മഴക്കാലം പോലെയാകട്ടെ
ഒരിക്കല്‍ നിറയെ പെയ്തു
പിന്നെ മടങ്ങി വരാതെ........






Tuesday 10 March 2009

എനിക്ക് മറക്കാതിരിക്കട്ടെ....




സ്വപ്നങ്ങള്‍ക്ക് യാതാര്ത്ഥ്യത്തിന്‍റെ നിറം പകരാന്‍ അവരെത്തി . പ്രണയം അതിന്‍റെ വസന്തത്തിലേക്ക് പതിയെ ചെന്നെത്തുന്നതായി തോന്നിയ നിമിഷങ്ങള്‍.... വ്യര്‍ത്ഥമാകില്ല എന്നുതന്നെയുറപ്പിച്ച ഒരു നനുത്ത സായാഹ്നം . രാത്രി പകലിനേക്കാള്‍ വാചാലമായി. അപ്പുറത്ത് നിന്നും പ്രതികരണം അറ്റപ്പോള്‍ പതിവു വഴക്കിന്‍റെ ഭാഗമായേ കരുതിയുള്ളൂ. നിശബ്ദത നീണ്ടു നീണ്ടു രാത്രിയോളം വലുതായപ്പോള്‍ മനസ്സില്‍ നേരിയ നീറ്റല്‍ പടര്‍ന്നു. ഈ രാത്രി എങ്ങനെ പുലര്‍ത്തിയെന്നു എനിക്കറിയില്ല . മൗനം രാത്രിയും കടന്നു പിന്നെയും തുടര്‍ന്നു. ചുറ്റും കള്ളക്കണ്ണുകള്‍ തുളച്ചു കയറുമ്പോള്‍ പുറത്തൊരു പുന്‍ചിരി വരുത്താന്‍ നന്നേ പാടു പെട്ടു. അകത്തു അരുതാത്തതെന്തോ ..... എത്തിപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞു തുടങ്ങുന്നതായി തിരിച്ചറിഞ്ഞ നിമിഷം...മനസ്സു സാധ്യതകളന്വേഷിച്ചു യാത്ര തുടര്‍ന്നു . ഞാന്‍ ഒരു പാകപ്പെടലിനുള്ള തയ്യാറെടുപ്പുമായി കാത്തിരുന്നു...

ഈ സായാഹ്നം ഞാന്‍ മറക്കില്ല...
ചില്ലുപാത്രമുടച്ചു ഒരു കൂര്‍ത്ത കല്ല്‌ കടന്നു വന്നു,.... എന്നെയും എന്‍റെ സ്വപ്നങ്ങളെയും തകര്‍ത്ത്..........................എനിക്ക് മറക്കാതിരിക്കട്ടെ ...

Sunday 8 March 2009

ഭൂപടത്തിന്‍റെ നിറം



ഞാന്‍
ഒരു രാജ്യസ്നേഹി
തിരുത്തിന്‍റെ പ്രഭവമാകാന്‍
നോമ്പ് നോറ്റിരിക്കുന്നവന്‍
ആത്മാവില്‍ അഗ്നിയുണ്ടെങ്കിലും
അന്ത്യം വരെയും പുകയുന്ന കൊള്ളിയായി ഇങ്ങനെ...

നീ
ഒരില പോലെ നീ
പതിയെ ഒരറ്റം മഞ്ഞയായി
പിന്നെ കാവിയായി
ഒടുവില്‍ പൊഴിയാറായോ എന്തോ?

അന്ന് നിന്‍റെ നിറം
അന്ന് നിനക്കൊരു നിറമുണ്ടായിരുന്നു
അകന്നു പോയതിനെ ചേര്‍ത്തു വെച്ചവരുടെ
അണഞ്ഞു പോയതിനെ കൊളുത്തി വെച്ചവരുടെ
പിതൃ ഘാതകര്‍ക്ക് പിണ്ഡം വെച്ചവരുടെ
അഥവാ മനുഷ്യരുടെ

ഇന്നു നിറങ്ങളുടെ നീ
ഇന്നു പല നിറങ്ങളാല്‍ നീ ഉണ്ടായിരിക്കുന്നു
നീല രാശിയില്‍ കറുത്ത പൊട്ടു പോലെ ചിലത്
കടലിന്‍റെ വഴിയെ കഴുകന്‍റെ ചിറകില്‍ ചിലര്‍
ഇരുള്‍ പൂക്കുന്ന വഴിയില്‍ കുഞ്ഞിന്‍റെ രോദനം
കനല്‍ കൊയ്യുന്ന തലയില്‍ ഉന്നം പിഴക്കാത്ത ഒച്ചകള്‍
പകുത്തെടുക്കാന്‍ പകിട കളിക്കുന്നവര്‍
അലിഞ്ഞു ചേര്‍ന്നതിനെ സ്വേദനം ചെയ്തു ഒറ്റയാക്കുന്നവര്‍
അമ്മേ....
നിന്നെയൊന്നു മാറ്റി വരച്ചിട്ടു തന്നെ ബാക്കി കാര്യം !
(ഒരു പഥികന്‍റെ സ്വപ്നം .... വെറുതെ..... )




പ്രണയിക്കുന്നവരോട്....


പൊളളുമെന്നറിഞ്ഞിട്ടും ചവിട്ടാനൊരുങ്ങുമ്പോള്‍
ഒരു മഞ്ഞു തുള്ളിയെ കൂട്ട് വിളിച്ചേക്കുക
മുങ്ങുമെന്നറിഞ്ഞിട്ടും നനയാനിറങ്ങുമ്പോള്‍
ഒരു കച്ചിത്തുരുമ്പെന്കിലും കരുതിയേക്കുക
പുറം കണ്ണുകള്‍ക്ക്‌ ഒരു ലക്‌ഷ്യം മാത്രം ആകുമ്പോള്‍
അകക്കണ്ണുകള്‍ അടയാതെ നോക്കുക
മനസ്സു കൊടുത്തു കൂട്ട് വിളിക്കുമ്പോള്‍
നീട്ടിയ കരങ്ങള്‍ക്ക് കരുത്തുണ്ടോയെന്നറിയുക
ഒടുവില്‍ തിരിച്ചറിവിന്‍റെ തളര്‍ച്ചയില്‍ താങ്ങാവാന്‍
മനസ്സിലൊരു ഊന്നു വടി ഒരുക്കി വെച്ചേക്കുക

Saturday 7 March 2009

നന്ദി..


അകന്നു പോയ ഹൃദയങ്ങള്‍ക്ക്‌
തീര്‍ന്നു പോയ ഇന്നലെകള്‍ക്ക്
മിഴി പൂട്ടിയ താരകങ്ങള്‍ക്ക്
താഴിട്ടു പൂട്ടിയ കിനാക്കള്‍ക്ക്
തിരിഞ്ഞു നടന്ന കുസൃതികള്‍ക്ക്
എല്ലാത്തിനും
നന്ദി...

ഓര്‍മകള്‍ക്ക് ചിതയൊരുക്കപ്പെടുമ്പോള്‍
തിമിര്‍ത്തു പെയ്ത ഇന്നലെകള്‍ ഓടിയെത്തുന്നോ !
അതോ പഠിച്ചു തീര്‍ത്ത പാഠങ്ങള്‍ മാത്രം ബാക്കിയായോ?
നിലാവിന്‍റെ നിറവില്‍ പൂക്കള്‍ വിടര്‍ന്നതും
നിഴലിന്‍റെ മറവില്‍ മധുരം പകര്‍ന്നതും
പാട്ടിന്‍റെ വഴിയേ ഗസലിന്‍ ഹാരം കൊരുത്തതും കാട്ടിലൊളിച്ചതും കാറു പടര്‍ന്നതും
മഴയില്‍ കുതിര്‍ന്നതും കാറ്റായി അലഞ്ഞതും
കനലായി പടര്ന്നതില്‍ കുളിര്‍ തീര്‍ത്ഥം തളിച്ചതും
മൂടല്‍ പടര്‍ന്നൊരീ ഉള്ളിന്‍റെ ചുവരില്‍
മിന്നിപ്പടര്‍ന്നതും ഓടി മറഞ്ഞതും
വിരഹം വരുത്തുന്ന കാത്തിരിപ്പിന്‍ സുഖം
കലഹം വരുത്തുന്ന മടുപ്പിന്‍റെ ദുഃഖം
ഓര്‍മ പുസ്തകത്തില്‍ ഒരിതളായി തുന്നുവാന്‍
ബാക്കി വെച്ചില്ല ഒന്നുമേയാരും
നീയും നിലാവും പാട്ടിന്‍റെ വരിയും
ഞാനും തീര്‍ന്ന വഴിയും വഴക്കും
ആരുമേ കാത്തു നില്‍ക്കാതെ പോകവേ
പുതുമയില്ലാത്ത പൂക്കളില്ലാത്ത
വര്‍ണങ്ങളുടെ ഘോഷയാത്രകളില്ലാത്ത
അനുകരണീയതയുടെ അസ്ഥിത്വമില്ലാത്ത
അഹന്തയുടെ അഃശനിപാതമുള്ള
ഈ ഹൃത്തിനു ഇടം തന്നതിന്
നന്ദി....