Wednesday 27 January 2010

പ്ലാസ്റ്റിക്‌


മന്ദഹാസത്തെ
മധുര പദങ്ങളെ
സര്‍വസ്വമാണ്
നീയെന്ന
പൊയ്ചൊല്ലിനെ
എന്നിനി കാണുമെന്ന
ചോദ്യത്തിനെ
എന്നും പ്രിയം
എന്നുള്ള കള്ളത്തെ
ഒക്കെയും
വെള്ളമില്ലാത്ത
തടാകതീരങ്ങളില്‍
ഉല്ലാസ യാത്രികരിട്ട
പ്ലാസ്റ്റിക്‌ പോല്‍
നമ്മളുപേക്ഷിക്കുകയാണ്
വരണ്ടതാം
ഈ ജന്‍മതീരത്ത്
മുളയ്ക്കാതിരിക്കാന്‍....

കൂട്


ജീവിത വെയിലേറ്റു
തളരുമ്പോള്‍
എനിക്കു തണല്‍
വിരിക്കാന്‍
ഏതു മിഴികളാണ്?

ചിറകുകള്‍ വാടുമ്പോള്‍
തളര്‍ന്നുറങ്ങാന്‍
ഒരു കൂട് കൂട്ടണം
അത്....
നിന്‍റെ കനിവോലും
ഹൃദയത്തില്‍
ആവുമെങ്കില്‍
എനിക്കേറെയിഷ്ട്ടം!

നീല

നിന്നെക്കുറിച്ചുള്ള അജ്ഞതയുടെ
കൌതുകം
എന്നെ ഒരു പുഴയാക്കി
നിന്നിലേക്കൊഴുക്കും

നിന്നെക്കുറിച്ചുള്ള അറിവിന്‍റെ
അടുപ്പം
നമുക്കിടയിലെ വിടവിന്‍റെ
പൂര്‍ണതയാകാം



പൊള്ളും കനല്‍ വീണു ചുവക്കുന്ന
കടല്‍

അന്നൊരിക്കല്‍ എന്നെയും നിന്നെയും
ഒരാകാശം കൊണ്ട്
കെട്ടിയിട്ടു
നിറയെ നക്ഷത്രങ്ങളുള്ള
നീലാകാശം കൊണ്ട്....