Sunday 8 March 2009

ഭൂപടത്തിന്‍റെ നിറം



ഞാന്‍
ഒരു രാജ്യസ്നേഹി
തിരുത്തിന്‍റെ പ്രഭവമാകാന്‍
നോമ്പ് നോറ്റിരിക്കുന്നവന്‍
ആത്മാവില്‍ അഗ്നിയുണ്ടെങ്കിലും
അന്ത്യം വരെയും പുകയുന്ന കൊള്ളിയായി ഇങ്ങനെ...

നീ
ഒരില പോലെ നീ
പതിയെ ഒരറ്റം മഞ്ഞയായി
പിന്നെ കാവിയായി
ഒടുവില്‍ പൊഴിയാറായോ എന്തോ?

അന്ന് നിന്‍റെ നിറം
അന്ന് നിനക്കൊരു നിറമുണ്ടായിരുന്നു
അകന്നു പോയതിനെ ചേര്‍ത്തു വെച്ചവരുടെ
അണഞ്ഞു പോയതിനെ കൊളുത്തി വെച്ചവരുടെ
പിതൃ ഘാതകര്‍ക്ക് പിണ്ഡം വെച്ചവരുടെ
അഥവാ മനുഷ്യരുടെ

ഇന്നു നിറങ്ങളുടെ നീ
ഇന്നു പല നിറങ്ങളാല്‍ നീ ഉണ്ടായിരിക്കുന്നു
നീല രാശിയില്‍ കറുത്ത പൊട്ടു പോലെ ചിലത്
കടലിന്‍റെ വഴിയെ കഴുകന്‍റെ ചിറകില്‍ ചിലര്‍
ഇരുള്‍ പൂക്കുന്ന വഴിയില്‍ കുഞ്ഞിന്‍റെ രോദനം
കനല്‍ കൊയ്യുന്ന തലയില്‍ ഉന്നം പിഴക്കാത്ത ഒച്ചകള്‍
പകുത്തെടുക്കാന്‍ പകിട കളിക്കുന്നവര്‍
അലിഞ്ഞു ചേര്‍ന്നതിനെ സ്വേദനം ചെയ്തു ഒറ്റയാക്കുന്നവര്‍
അമ്മേ....
നിന്നെയൊന്നു മാറ്റി വരച്ചിട്ടു തന്നെ ബാക്കി കാര്യം !
(ഒരു പഥികന്‍റെ സ്വപ്നം .... വെറുതെ..... )




1 comment: